ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കന്നഡ അനുകൂല, കർഷക സംഘടനകൾ നടത്തുന്ന ബെംഗളൂരു ബന്ദിൽ തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ വ്യാപകമായി തടഞ്ഞു.
കൂടാതെ കർണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ രാമനഗരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മുഖചിത്രത്തിൽ പൂമാല അർപ്പിച്ചാണ് പ്രതിഷേധം.
എന്നാൽ ബസുകൾ വ്യാപകമായി തടഞ്ഞതോടെ സർവീസ് മുടങ്ങാൻ കാരണമാകുകയും അത് ഐടി ജീവനക്കാരെ ഉൾപ്പെടെ ബാധിക്കുകയും ചെയ്തു.
അതേസമയം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സർവീസ് മുടങ്ങില്ലെന്ന് അധികൃതർനേരെത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ മെട്രോ സർവീസുകളും മുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്.
കേരളത്തിൽനിന്നുള്ള കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വൈകിട്ട് ആറുവരെ എല്ലാ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള നിരവധി ബസുകളാണ് കൃഷ്ണഗിരി ജില്ലയിലെ സുസുവാഡിയിൽ നിർത്തിയിട്ടിരിക്കുന്നത്.
നഗരത്തിൽ ഇന്നലെ രാത്രി തന്നെ മുതൽ പ്രഖ്യാപിച്ച പൊലീസ് നിരോധനാജ്ഞ ലംഘിച്ച 50 പേരെ പോലീസ് ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തു.