ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന്റെ പേരിൽ എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി അടിച്ച യുവതിയുടെ പേരിൽ കേസ്.
ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം.
എ.ടി.എമ്മിൽ നിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാരൻ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു.
ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്.
ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു.
മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാജീവനക്കാരനെ മർദിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെപേരിൽ കേസെടുത്തതായും അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു.