ചെന്നൈ : പൂർവവിദ്യാർഥിയും ഇൻഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നൽകി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തിൽ ഒരു വ്യക്തിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സംഭാവനയാണ് ഇത്.
മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് 1970-ൽ എയ്റോ സ്പെയ്സ് എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം നേടിയ ചിവുക്കുല ചൊവ്വാഴ്ച വൈകീട്ട് ഐ.ഐ.ടി.യിൽ നടന്ന ചടങ്ങിലാണ് സംഭാവന പ്രഖ്യാപിച്ചത്.
ഗവേഷണങ്ങൾക്കും സ്കോളർഷിപ്പിനും ഫെലോഷിപ്പിനുമായാണ് ഈ തുക വിനിയോഗിക്കുക. ചിവുക്കലയോടുള്ള ആദരമായി ഐ.ഐ.ടി.യിലെ ഒരു പഠന വിഭാഗത്തിന് കൃഷ്ണ ചിവുക്കുല ബ്ലോക്ക് എന്നു പേരുനൽകുമെന്ന് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി അറിയിച്ചു.
ഹാർവാഡ് ബിസിനസ് സ്കൂളിൽനിന്ന് എം.ബി.എ. നേടിയ ചിവുക്കുല ന്യൂയോർക്കിലെ ഹോഫ്മാൻ ഗ്രൂപ്പ് ഓഫ് കമ്പനി സി.ഇ.ഒ.യായി പ്രവർത്തിച്ചശേഷമാണ് സ്വന്തം സ്ഥാപനങ്ങൾ തുടങ്ങിയത്. 1990-ൽ ശിവ ടെക്നോളജീസും 1996-ൽ ഇൻഡോ യു.എസ്. എം.ഐ.എം. ടെക്കും തുടങ്ങി.
എൻജിനിയറിങ് സാമഗ്രികളുടെ നിർമാണത്തിനുപയോഗിക്കുന്ന മെറ്റൽ ഇൻജക്ഷൻ മോൾഡിങ് (എം.ഐ.എം.) സാങ്കേതികവിദ്യ ചിവുക്കുലയാണ് ഇന്ത്യയിലെത്തിച്ചത്. 1,000 കോടിയോളം രൂപയാണ് വാർഷിക വിറ്റുവരവ്. 2015-ൽ മദ്രാസ് ഐ.ഐ.ടി. ഇദ്ദേഹത്തെ വിശിഷ്ട പൂർവവിദ്യാർഥിയായി ആദരിച്ചിരുന്നു.
വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 2023-24 വർഷം ഇതിനകം 513 കോടി രൂപയാണ് മദ്രാസ് ഐ.ഐ.ടി.ക്കു ലഭിച്ചത്. 16 പൂർവവിദ്യാർഥികളും 32 സ്ഥാപനങ്ങളും ഒരു കോടിയിലേറെ രൂപ വീതം നൽകി.