ചെന്നൈ : അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം കോയമ്പത്തൂരിൽ നിർമിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു.
കോയമ്പത്തൂർ നഗരത്തിൽനിന്ന് 16 കിലോമീറ്റർ അകലെ ജയിൽവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും നിർമാണം. ഉൾക്കൊള്ളാൻ കഴിയുന്ന കാണികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും കോയമ്പത്തൂരിലേത്. നിലവിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിനാണ് ഒന്നാംസ്ഥാനം.
കോയമ്പത്തൂരിൽ അത്യാധുനികനിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം ഡി.എം.കെ.യുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടംനേടിയ വാഗ്ദാനമായിരുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും ഇത്.
ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ള ഏക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ഇതിന്റെ പലമടങ്ങ് സൗകര്യങ്ങൾ കോയമ്പത്തൂരിലുണ്ടാകും.
200 ഏക്കർ സ്ഥലമാണ് പുതിയ സ്റ്റേഡിയത്തിനായി ഏറ്റെടുക്കുന്നത്.
ക്രിക്കറ്റ് മ്യൂസിയം, പഞ്ചനക്ഷത്ര താമസസൗകര്യങ്ങൾ, അത്യാധുനികലോഞ്ചുകൾ, റസ്റ്ററന്റുകൾ തുടങ്ങിയവയും സ്റ്റേഡിയം സമുച്ചയത്തിലുണ്ടാകും.
പുതിയ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
ഡി.പി.ആർ. തയ്യാറാകുന്നതോടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി തുടർനടപടികൾ വേഗത്തിലാകുമെന്നും അധികൃതർ പറഞ്ഞു.