ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മരംവീണ് മറിഞ്ഞുവീണ വൈദ്യുത തൂണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു.
വിൽസൻ ഗാർഡനിൽ താമസിക്കുന്ന ഹേമാവതി ഹർഷയാണ് മരിച്ചത്.
തിങ്കളാഴ്ചരാത്രി എട്ടാം ക്രോസ് റോഡിലായിരുന്നു അപകടം.
മകൾ രുചിതയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഹേമാവതി.
ഈസമയം മരം വീണ് വൈദ്യുതത്തൂൺ മകളുടെ അടുത്തേക്ക് വീഴുന്നത് കണ്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹേമാവതി വൈദ്യുതിത്തൂണിനടിയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രുചിതയ്ക്കും തലയ്ക്ക് പരിക്കേറ്റു. വിൽസൻ ഗാർഡൻ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ബെംഗളൂരു കോർപ്പറേഷൻ ഫോറസ്റ്റ് സെൽ ഉദ്യോഗസ്ഥരും വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു.
അപകടാവസ്ഥയിലുള്ള എല്ലാമരങ്ങളും മുറിച്ചുമാറ്റാൻ കോർപ്പറേഷൻ സ്പെഷ്യൽ കമ്മിഷണർ ശിവാനന്ദ് കൽക്കെരെ നിർദേശിച്ചു.