ചെന്നൈ : നാലുവർഷംമുൻപ് അന്തരിച്ച ഭാര്യയുടെ ഓർമ്മയ്ക്കായി 75-കാരൻ ഒരുകോടി രൂപമുടക്കി സ്മാരകംനിർമിച്ചു.
രാമനാഥപുരം ജില്ലയിലെ തിരുവാടനെ കാട്ടുക്കുടി സ്വദേശിയായ കോട്ടമുത്തുവാണ് ഭാര്യ വിജയക്കായി സ്വദേശമായ ആദിയൂരിൽ ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്മാരകംനിർമിച്ചത്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്, കഴിഞ്ഞദിവസം ഉദ്ഘാടനംനടത്തി. എല്ലാവർക്കും സദ്യയുംനൽകി.
പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കോട്ടമുത്തു വിരമിച്ചശേഷമാണ് ഭാര്യക്കൊപ്പം ചെന്നൈയിൽനിന്ന് സ്വന്തം നാടായ തിരുവാടനെയിൽ തിരിച്ചെത്തിയത്.
കോവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിജയ 2020 മേയിലാണ് മരിച്ചത്. മക്കളെ വളർത്തുന്നതിനും കുടുംബത്തിന്റെ വളർച്ചയ്ക്കുമായി വിജയ ഏറെ അധ്വാനിച്ചെന്നും ഇതിനുള്ള കൃതജ്ഞതയായാണ് സ്മാരകംനിർമിച്ചതെന്നും കോട്ടമുത്തു പറഞ്ഞു.
സ്മാരകത്തിനുള്ളിൽ 7.5 ലക്ഷം രൂപമുടക്കി നിർമിച്ച വിജയയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. വിജയയുടെയും ഇവർ പങ്കെടുത്ത കുടുംബച്ചടങ്ങുകളുടെയും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ദൂരെനിന്നുതന്നെ കാണാവുന്നതരത്തിൽ വിജയ സ്മാരകം എന്ന് കവാടത്തിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിട്ടുമുണ്ട്.