ചെന്നൈ : അഴിമതിവിരുദ്ധ പ്രവർത്തകനായ യുട്യൂബർ സവുക്കുശങ്കറിനെ തമിഴ്‌നാട് സർക്കാർ വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കി.
ശങ്കറിനെതിരേ ഗുണ്ടാനിയമം ചുമത്തിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി മൂന്നുദിവസം കഴിയുമ്പോഴാണ് മയക്കുമരുന്നുകേസിന്റെ പേരിൽ സമാനനടപടി വരുന്നത്.
വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തേനിയിൽനിന്ന് അറസ്റ്റിലായ ശങ്കറിന്റെ കാറിൽനിന്ന് കഴിഞ്ഞ മേയിൽ 500 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് മയക്കുമരുന്നു നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും തേനി ജില്ലാ കളക്ടർ ആർ.വി. ഷജീവ തിങ്കളാഴ്ച ഗുണ്ടാ നിയമം ചുമത്തുകയായിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ശുപാർശയനുസരിച്ചാണ് ഈ നടപടിയെന്ന് കളക്ടറുടെ ഓഫീസ് അറിയിച്ചു.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നതടക്കം ഏതാനും കേസുകളിൽ പ്രതിയായതിന്റെ പേരിലാണ് ചെന്നൈ പോലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം നേരത്തേ ശങ്കറിനുമേൽ ഗുണ്ടാ നിയമം ചുമത്തിയത്.
എന്നാൽ, അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങളൊന്നും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലിടാൻ മാത്രം ഗൗരവമുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
ശങ്കറിനെതിരായ സർക്കാർ നടപടികളിൽ പ്രതികാരത്തിന്റെ അംശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
സവുക്കു ശങ്കറിനെതിരേ വീണ്ടും ഗുണ്ടാനിയമം ചുമത്തിയ നടപടിയെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം വിമർശിച്ചു.
ശങ്കറിന്റെ പരാമർശങ്ങൾ പലതും നിലവാരം കുറഞ്ഞതാണെങ്കിലും വീണ്ടും ഗുണ്ടാനിയമം ചുമത്തിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ നടപടികൾക്കു പിന്നിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ ആണെന്ന് കസ്റ്റഡിയിലിക്കേ ശങ്കർ ആരോപിച്ചിരുന്നു.