ചെന്നൈ: പുതിയ 100 വന്ദേഭാരത് സ്ലീപ്പർ തീവണ്ടികളുടെ നിർമാണവും 35 വർഷത്തെ പരിപാലനത്തിനുമുള്ള 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി.
140 കോടി രൂപയ്ക്ക് 24 കോച്ചുകളുള്ള അലുമിനിയംകൊണ്ടുള്ള തീവണ്ടി നിർമിക്കണമെന്നാണ് ടെൻഡറിൽ പറഞ്ഞിരുന്നത്.
എന്നാൽ, ടെൻഡറിനോട് പ്രതികരിച്ച രണ്ടുകമ്പനികളും ഇതിൽക്കൂടുതൽ തുക ടെൻഡറിൽ ഉൾപ്പെടുത്തുമെന്നറിയിച്ചതിനെത്തുടർന്നാണ് റെയിൽവേ ടെൻഡർ റദ്ദാക്കിയത്. റെയിൽവേ നിർദേശം കമ്പനികൾക്കും സ്വീകാര്യമായില്ല.
തീവണ്ടി നിർമാണത്തിൽ പ്രശസ്തിയാർജിച്ച അൽസ്റ്റോം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്സ് എന്നീ കമ്പനികളാണ് ടെൻഡറിനോട് പ്രതികരിച്ചത്.
150 കോടി രൂപയ്ക്ക് അൽസ്റ്റോം കമ്പനിയും 170 കോടി രൂപയ്ക്ക് നിർമിച്ചുതരാമെന്ന് മേധാ സെർവോ ഡ്രൈവ്സും വാഗ്ദാനംചെയ്തു.
റെയിൽവേയ്ക്ക് ഇതുരണ്ടും സ്വീകാര്യമായില്ല. ഒരു തീവണ്ടി നിർമിക്കാൻ 140 കോടി രൂപയ്ക്കുമുകളിൽ നൽകാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കി.