ചെന്നൈ : ഡി.എം.കെ.യും ബി.ജെ.പി.യുംതമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് അണ്ണാ ഡി.എം.കെ.
‘ഗോ ബാക്ക് മോദി’യെന്ന മുദ്രാവാക്യം മുഴക്കിയിരുന്ന ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി. നേതാക്കളെ ചുവപ്പുപരവതാനിവിരിച്ചു സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് ആർ.ബി. ഉദയകുമാർ ആരോപിച്ചു.
ബി.ജെ.പി.യുമായുള്ള രഹസ്യബന്ധം പരസ്യമായി സമ്മതിക്കാൻ സ്റ്റാലിൻ തയ്യാറാകണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു.
കരുണാനിധി ജന്മശതാബ്ദി നാണയം പുറത്തിറക്കുന്ന ചടങ്ങ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലാണ് നടത്തിയതെന്ന സ്റ്റാലിന്റെ വിശദീകരണം തള്ളിയ ഉദയകുമാർ സത്യം എല്ലാവർക്കുമറിയാമെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. ആരോപണമുന്നയിച്ചതോടെയാണ് കേന്ദ്രസർക്കാർച്ചടങ്ങാണെന്ന് സ്റ്റാലിൻ വിശദീകരിച്ചത്.
എന്നാൽ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചത് ഡി.എം.കെ. തന്നെയാണെന്ന് ഉദയകുമാർ പറഞ്ഞു.
ഡി.എം.കെ.-ബി.ജെ.പി. ബന്ധം ആരോപിച്ച് പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. ഡി.എം.കെ.യും ബി.ജെ.പി.യും ഇത് തള്ളി.
പക്ഷേ, അണ്ണാ ഡി.എം.കെ. വീണ്ടും ആരോപണമുന്നയിക്കുകയായിരുന്നു. നാം തമിഴർ കക്ഷിയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.