ചെന്നൈ : നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തമിഴ് പാരമ്പര്യവും ഭാഷയും ഉയർത്തിക്കാട്ടിയാകും വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനമെന്നുറപ്പിക്കാം. പേര് തിരഞ്ഞെടുത്തതുമുതൽ ഇപ്പോൾ പതാക പുറത്തിറക്കിയ ചടങ്ങിൽവരെ തമിഴിന് പ്രത്യേകസ്ഥാനം നൽകാൻ ശ്രെധിച്ച് വിജയ്.
പതാക പുറത്തിറക്കുന്ന ചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ പ്രചാരണഗാനത്തിലും തമിഴ് നിറഞ്ഞുനിന്നു. തമിഴൻ കൊടി, വിജയക്കൊടിയെന്നാണ് പാട്ടിൽപ്പറയുന്നത്.
തമിഴ് ഭാഷയ്ക്കായി ജീവൻ ബലിയർപ്പിച്ചവരുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. പാർട്ടി ആരംഭിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുൻപ് പുറത്തുവിട്ട പ്രസ്താവനയിലും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. പ്രചാരണഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നത് തമിഴ് സംസ്കാര ചിഹ്നങ്ങളാണ്.
ദ്രാവിഡ കക്ഷികൾ അരങ്ങുവാഴുന്ന തമിഴ്നാട്ടിൽ ഇവരുടെ അതേ മാർഗത്തിൽ, തമിഴ് വൈകാരികത മുൻനിർത്തിയാകും തന്റെ യാത്രയെന്ന് ഇതിലൂടെ വിജയ് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രചാരണഗാനത്തിന്റെ ആവേശമുണ്ടായിരുന്നത് ഒഴിച്ചുനിർത്തിയാൽ വളരെ ലളിതമായ രീതിയിലാണ് പതാക പുറത്തിറക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. വേദിയിൽ ആർക്കും ഇരിപ്പിടമുണ്ടായിരുന്നില്ല. വിജയ് പോലും സദസ്സിൽ മറ്റ് പ്രവർത്തകർക്കൊപ്പമാണിരുന്നത്. മുൻനിരയിൽ വിജയ്ക്കൊപ്പമുണ്ടായിരുന്ന നാല് പാർട്ടി സംസ്ഥാനഭാരവാഹികളിൽ ഒരാൾ മുസ്ലിം വിഭാഗത്തിൽനിന്നുള്ള സ്ത്രീയായിരുന്നു. അച്ഛനും സംവിധായകനും നിർമാതാവുമായ എസ്.ഐ. ചന്ദ്രശേഖറും അമ്മ ശോഭയും ചടങ്ങിനെത്തിയിരുന്നു.