ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗൺസലിങ് പൂർത്തിയായപ്പോൾ ഒരു ലക്ഷത്തിലധികം സീറ്റുകൾ ബാക്കി. ആകെയുള്ള 443 കോളേജുകളിൽ 30 കോളേജുകൾക്ക് ഒരു വിദ്യാർഥിയെപ്പോലും ലഭിച്ചില്ല. 110 എണ്ണത്തിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്.
സംസ്ഥാനത്താകെ 1,62,392 എൻജിനിയറിങ് സീറ്റുകളുണ്ട്. ആദ്യഘട്ട കൗൺസലിങ്ങിൽ 17,679 പേരും രണ്ടാംഘട്ടത്തിൽ 61,082 പേരും പ്രവേശനം നേടി. അതിനുശേഷമാണ് 1,01,310 സീറ്റുകൾ ഒഴിവുള്ളത്. മൂന്നാംഘട്ട കൗൺസലിങ്ങിൽ 93,000 വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിൽ എത്രപേർ പഠിക്കാൻ ചേരുമെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ നടപ്പ് അധ്യയനവർഷം ഏകദേശം 55,000 മുതൽ 60,000 എൻജിനിയറിങ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുമെന്നാണ് കണക്കാക്കുന്നത്.
സെൻട്രൽ ഇലക്േട്രാ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എം.ഐ.ടി. കാംപസ്സ് (അണ്ണാ സർവകലാശാല), സി.ഇ.ജി. കാംപസ്സ് (അണ്ണാ സർവകലാശാല), സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് എന്നീ നാല് സ്ഥാപനങ്ങൾക്ക് മാത്രമാണ് നൂറു ശതമാനം സീറ്റുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാനായത്. മെക്കാനിക്കൽ, സിവിൽ എൻജിനിയറിങ്ങിനെക്കാൾ കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ.സി.ഇ, ഐ.ടി. കോഴ്സുകളാണ് പ്രിയം.
വിദ്യാർഥികളില്ലാത്തതിനാൽ കഴിഞ്ഞ അധ്യയനവർഷം അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള ചില കോളേജുകൾ പൂട്ടിയിരുന്നു. ഈ വർഷം ഇതുവരെയായി 197 കോളേജുകൾക്ക് പത്തുശതമാനം സീറ്റുപോലും നികത്താൻ സാധിച്ചിട്ടില്ല. 114 കോളേജുകൾ 50 ശതമാനത്തിലധികം സീറ്റുകൾ നികത്തി. ഇതിൽ 57 കോളേജുകളിൽ 80 ശതമാനം സീറ്റുകളിലും 39 കോളേജുകളിൽ 90 ശതമാനത്തിലും വിദ്യാർഥികളെത്തി.