അനാവശ്യമായി അപ്പീൽ; സർക്കാരിന് അഞ്ച് ലക്ഷം രൂപ പിഴ

0 0
Read Time:2 Minute, 18 Second

ചെന്നൈ : കോടതിയുത്തരവ് നടപ്പാക്കുന്നത് ഒഴിവാക്കുന്നതിനായി അപ്പീൽ സമർപ്പിച്ച തമിഴ്‌നാട് സർക്കാരിൽനിന്ന് അഞ്ചുലക്ഷം രൂപ പിഴയീടാക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. അസി.പ്രൊഫസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴയീടാക്കാൻ ഉത്തരവിട്ടത്.

സർക്കാരിന്റെ ക്രൂരമായ വിനോദമാണിതെന്ന് നിരീക്ഷിച്ച കോടതി ഭാവിയിൽ ഇത്തരത്തിൽ അപ്പീലുകൾ സമർപ്പിക്കാതിരിക്കാൻ സർക്കാരിന് ഇത് ഒരു പാഠമാകുമെന്ന് കരുതുന്നെന്നും അഭിപ്രായപ്പെട്ടു. 2009-ൽ അസി.പ്രൊഫസർമാരായി നിയമിക്കപ്പെട്ട 10 പേരാണ് ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇവർക്ക് അനുകൂലമായി ഏകാംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് ഇതിനെതിരേ അപ്പീൽ സമർപ്പിക്കുകയായിരുന്നു.

ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കാൻ മതിയായ കാരണമില്ലാതെ സമർപ്പിച്ച അപ്പീൽ അനാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്ന് അസി.പ്രൊഫസർമാർക്ക് ഒരോരുത്തർക്കും എതിരേ സമർപ്പിച്ച ഒരോ അപ്പീൽ ഹർജിക്കും 50,000 രൂപ വീതം (ആകെ അഞ്ച് ലക്ഷം രൂപ) പിഴ വിധിക്കുകയായിരുന്നു. ഇതിൽ 25,000 രൂപ വീതം അധ്യാപകർക്ക് നൽകണം. ബാക്കി തുക സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി നൽകാനുമാണ് ഉത്തരവിൽ പറയുന്നത്. പിഴത്തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാമെന്ന് നിർദേശിച്ചു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts