ചെന്നൈ : തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5.45-ന് പ്രദക്ഷിണത്തിനുശേഷം നടക്കുന്ന കൊടിയേറ്റ് ചടങ്ങിൽ തഞ്ചാവൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. ടി. സഹായരാജ് മുഖ്യകാർമികത്വംവഹിക്കും.
സെപ്റ്റംബർ ആറിന് കുശിന്റെ വഴിയും എട്ടിന് മാതാവിന്റെ തിരുനാളാചരണവും നടക്കും. തിരുനാൾദിനത്തിൽ രാവിലെ ആറിന് ആഘോഷമായ കുർബാനയും വൈകീട്ട് ആറിന് കൊടിയിറക്ക് ചടങ്ങും നടക്കും. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെ ദിവസവും രാവിലെ ഒൻപതിന് മോണിങ് സ്റ്റാർ ദേവാലയത്തിൽ മലയാളത്തിൽ കുർബാനയുണ്ടാകും.
ലോവർ ബസിലിക്കയിൽ വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ ആറുവരെ വൈകീട്ട് നാലിന് വിവിധഭാഷകളിലായി കരിസ്മാറ്റിക് യോഗങ്ങളുണ്ടാകും.
സെപ്റ്റംബർ അഞ്ചിനാണ് മലയാളത്തിലുള്ള യോഗം. വിവിധദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, കന്നട, തെലുങ്ക്,ഹിന്ദി ഭാഷകളിലും കുർബാനയുണ്ടാകും പെരുന്നാളിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സായുധസേനയടക്കം രണ്ടായിരത്തോളം പേരെ സുരക്ഷാജോലികൾക്കായി നിയോഗിച്ചു.