ചെന്നൈ: എംപോക്സ് ആശങ്കപടർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകളൊരുക്കി പൊതുജനാരോഗ്യ വകുപ്പ്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലാണ് വാർഡ് സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു.
ചെന്നൈയിൽ രാജീവ് ഗാന്ധി ഗവ. ആശുപത്രി, മധുരയിലെ ഗവ. രാജാജി ആശുപത്രി, തിരുച്ചിറപ്പള്ളിയിലെ മഹാത്മാഗാന്ധി ഗവ. ആശുപത്രി, കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകളുള്ളത്. ചെന്നൈയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി അഞ്ച് കിടക്കകളുള്ള രണ്ട് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
വിമാനത്താവളങ്ങളിൽ രോഗലക്ഷണങ്ങളുമായി കണ്ടെത്തുന്ന യാത്രക്കാരെയോ വീടുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെയോ ഉടൻ ഐസൊലേഷൻ വാർഡുകളിലെത്തിച്ച് ചികിത്സ നൽകണമെന്നും മന്ത്രി നിർദേശിച്ചു. ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, മധുര അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി. 116 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നേരിട്ടും കണക്ടിങ് വിമാനങ്ങൾ വഴിയും എത്തുന്നവരെ പ്രത്യേകം പരിേശാധിക്കുന്നുണ്ട്.