ചെന്നൈ : വടക്ക് -കിഴക്ക് കാലവർഷക്കാലത്ത് വെള്ളം തടസ്സമില്ലാതെ കടലിലേക്ക് ഒഴുകി പോകാനായുള്ള പ്രവൃത്തികൾ ചെന്നൈ കോർപ്പറേഷൻ ആരംഭിച്ചു.
3.5 മീറ്റർ വരെ വീതിയുള്ള കനാലുകളിലെ ചെളി നീക്കാനായി ഗുജറാത്തിൽ നിന്ന് ഡ്രെയിൻ മാസ്റ്റർ യന്ത്രത്തെ ചെന്നൈയിലെത്തിച്ചു.
കനാലുകളിൽ അടിഞ്ഞ് കൂടിയ 4.4 മീറ്റർവരെ ആഴത്തിലുള്ള ചെളി ഡ്രെയിൻ മാസ്റ്റർ യന്ത്രം ഉപയോഗിച്ച് നീക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കനാലുകൾ നികത്തി കുടിലുകൾ നിർമിച്ചിട്ടുണ്ടെങ്കിൽ അവയും നീക്കം ചെയ്യും.
യന്ത്രം ഉപയോഗിച്ച് വ്യാഴാഴ്ച മുതൽ എം.കെ.ബി. നഗറിലെ ക്യാപ്റ്റൻ കോട്ടൻ കനാലിലെ ചെളി നീക്കാൻ തുടങ്ങി. കനാലിന് 270 മീറ്റർ നീളമാണുള്ളത്.
കനാലുകളിലെ ചെളി നീക്കാനാകാത്തതിനാൽ കഴിഞ്ഞ വർഷം വടക്കൻ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളകെട്ട് കാരണം ജനജീവിതം ദുസ്സഹമായിരുന്നു.
വടക്ക്- കിഴക്ക് കാലവർഷം ആരംഭിക്കുന്നതുവരെ നഗരത്തിലെ കനാലുകളിലെചെളി യന്ത്രംഉപയോഗിച്ച് നീക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
നഗരമധ്യത്തിലൂടെ ഒഴുകുന്ന കൂവം നദിയിലെ ചെളിയും മാലിന്യവും നീക്കാനുള്ള പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.