ചെന്നൈ : ഉത്സവകാലത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കവേ കേരളത്തിനോട് റെയിൽവേക്ക് വിവേചനമെന്ന് യാത്രക്കാർ. ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകവണ്ടികളില്ല.
ചെന്നൈയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പൂജാഅവധിക്ക് വരെ പ്രത്യേകതീവണ്ടികൾ അനുവദിച്ച് പ്രഖ്യാപനം പുറത്തിറങ്ങി. ചെന്നൈയിൽനിന്ന് വിശാഖപട്ടണത്തേക്കും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു.
കോയമ്പത്തൂരിൽനിന്ന് ധൻബാദിലേക്ക് ഈ മാസംമുതൽ ഡിസംബർവരെ പൂജ, ദീപാവലി, ക്രിസ്മസ് യാത്രാത്തിരക്ക് കുറയ്ക്കാനായി പ്രത്യേകവണ്ടികൾ അനുവദിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കും പ്രത്യേക വണ്ടി അനുവദിച്ചിട്ടുണ്ട്.
തിരുനെൽവേലി-ഷാലിമാർ, കോയമ്പത്തൂർ-ബറൂണി തുടങ്ങിയ പ്രത്യേകവണ്ടികളും സെപ്റ്റംബറിൽ അനുവദിച്ചു.
എന്നാൽ, ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകതീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട്‌വെക്കുമ്പോൾ, പ്രത്യേക വണ്ടികൾക്ക് മാത്രമുള്ള തിരക്ക് കേരളത്തിലേക്കില്ല, കോച്ചുകളില്ല, ട്രാക്ക് ലഭ്യതയില്ല തുടങ്ങിയ കാരണങ്ങളണ് റെയിൽവേ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച തീവണ്ടികളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും ആ തീവണ്ടികൾ റദ്ദാക്കിയില്ല.
എന്നാൽ, തിരുവനന്തപുരത്തേക്ക് ഓണത്തിരക്ക് കുറയ്ക്കാൻ 15 കോച്ചുകളടങ്ങിയ തേഡ് എ.സി. പ്രത്യേകവണ്ടി അനുവദിച്ചിരുന്നു. ആളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ റദ്ദാക്കി.
അതേ സമയം, സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള 24 കോച്ചുള്ള വണ്ടിയായിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നേനെയെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.