കൽപ്പറ്റ: ഒരുരാത്രി പുലരുമ്പോഴേക്കും പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടുപോയെ ശ്രുതിയെ ചേർത്ത് നിർത്താൻ ജെൻസനുണ്ടായിരുന്നു.
ആ കരുതലും ചേർത്ത് നിർത്തലും കേരളക്കരയാകെ കണ്ടതുമാണ്. പക്ഷേ ആ കരുതലിന് അധികം ആയുസ്സുണ്ടായില്ല.
കഴിഞ്ഞദിവസം വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിയ്ക്കും പരിക്കേറ്റത്. ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്.
കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി പ്രതിശ്രുത വരൻ ജെൻസന്റെ മൃതദേഹം കാണാനായി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു.
നേരത്തെ തന്നെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയാൻ കാത്തിരിക്കാതെ ജെൻസൺ യാത്രയാവുകയായിരുന്നു.
ഇതോടെയാണ് മെഡിക്കൽ കോളേജിലേക്ക് ശ്രുതിയെ എത്തിച്ചത്. വൈകാരികമായ നിമിഷങ്ങൾക്കൊടുവിൽ ജെൻസനെ കണ്ട ശ്രുതി ചികിത്സ നടക്കുന്ന ആശുപത്രിയിലേക്ക് തിരികെ പോവുകയും ചെയ്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരിലാണ് പൊതുദർശനം.