തീവണ്ടിയാത്രയിൽ സുരക്ഷ പോരാ; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് റെയിൽവേ ബോർഡ്

0 0
Read Time:2 Minute, 51 Second

ചെന്നൈ : തീവണ്ടിയാത്രയിൽ സുരക്ഷ പോരെന്നും ആസ്തിവർധനയ്ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സതീഷ്‌കുമാർ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

റെയിൽവേയുടെ ആസ്തി 2019-20 സാമ്പത്തികവർഷത്തിൽ 1.48 ലക്ഷം കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവർഷത്തിലിത് 2.62 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ, അതിനനുസരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കാനാവശ്യമായ ജീവനക്കാരുടെ എണ്ണം വർധിച്ചില്ല.

തുടർച്ചയായി വണ്ടികൾ പാളംതെറ്റുന്നതും കൂട്ടിയിടിക്കുന്നതും വർധിക്കുകയാണ്. റെയിൽവേയിൽ സിഗ്നൽസംവിധാനങ്ങളും ട്രാക്കുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആ വകുപ്പുകളിൽ ജീവനക്കാരെ നിയമിക്കുന്നില്ല.

എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, സിഗ്നലിങ്, ട്രാക്ക് അറ്റകുറ്റപ്പണി എന്നീ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്കും നിയമനം നടന്നിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

തീവണ്ടി ഓടിക്കാനും ട്രാക്ക് അറ്റകുറ്റപ്പണിക്കും ഉടൻ ജീവനക്കാരെ നിയമിക്കണം. റെയിൽവേ ആധുനികീകരിക്കുമ്പോൾ കൂടുതൽ തസ്തികകൾ ആവശ്യമായി വന്നാൽ നിയമനം നടത്തണം.

വൈദ്യുത ലോക്കോമോട്ടീവുകളുടെ നിർമാണം 59 ശതമാനവും കോച്ചുകളുടെ നിർമാണം 30 ശതമാനവും വർധിച്ചിട്ടുണ്ട്. തീവണ്ടികൾ കൂട്ടിയിടിക്കാതിരിക്കാൻ പാളങ്ങളിൽ ‘കവച്’ സ്ഥാപിക്കുന്നതിലും മുന്നേറ്റമുണ്ടായിട്ടുണ്ട്.

വണ്ടി ഓടിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതും റെയിൽവേജീവനക്കാർ തന്നെയായിരിക്കണം.

ഇക്കാര്യത്തിൽ സ്വകാര്യ എജൻസികളെ ഏൽപ്പിക്കരുത്. അപകടരഹിതമായി വണ്ടികൾ ഓടിക്കണമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും റെയിൽവേ ബോർഡ് ധനകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts