ചെന്നൈ : ജില്ലാഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനത്തിന് അവസരമൊരുങ്ങി.
ചെന്നൈയ്ക്കുസമീപം തിരുവള്ളൂർ ജില്ലയിലെ ഗുമ്മിടിപൂണ്ടി വഴുടമ്പേട് പിടാരി എട്ടിയമ്മൻ ക്ഷേത്രത്തിലാണ് ദളിത് കുടുംബങ്ങൾ ദർശനംനടത്തിയത്.
തിരുവള്ളൂർ കളക്ടർ പ്രഭുശങ്കറും പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാളും ദീർഘകാലമായി നടത്തിയ സമവായച്ചർച്ചയാണ് ഇതിലേക്കുനയിച്ചത്.
ജാതിത്തർക്കം രൂക്ഷമായതിനെത്തുടർന്ന് നേരത്തേ ദേവസ്വംബോർഡ് ക്ഷേത്രം മുദ്രവെച്ചിരുന്നു. പ്രശ്നം പരിഹരിച്ചതോടെ ഇപ്പോൾ എല്ലാവർക്കും പ്രവേശനംലഭിച്ചു.
1958-ൽ ക്ഷേത്രം പണിതപ്പോൾത്തന്നെ ഇതരജാതിക്കാരും ദളിതരുംതമ്മിൽ തർക്കം തുടങ്ങിയിരുന്നു. 1998-ൽ ദേവസ്വംബോർഡ് ക്ഷേത്രഭരണം ഏറ്റെടുത്തപ്പോഴും പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധിച്ചില്ല.
2002-ൽ നടന്ന കുംഭാഭിഷേകച്ചടങ്ങിൽ ദളിതരെ പ്രവേശിപ്പിക്കാൻ ഇതരജാതിക്കാർ വിസമ്മതിച്ചു. തുടർന്ന്, ജാതിസംഘർഷം രൂക്ഷമായി.
പത്തുവർഷത്തിനുശേഷം വീണ്ടും കുംഭാഭിഷേകംനടന്നപ്പോഴും ദളിതരെ ക്ഷേത്രത്തിൽനിന്ന് വിലക്കി. 2012 മുതൽ പൂർണമായും പ്രവേശനം നിരസിച്ചെന്നും ക്ഷേത്രത്തിന്റെ സമീപത്തുകൂടി നടക്കാൻപാടില്ലെന്നുവരെ നിർദേശമുണ്ടായെന്നും ദളിത് വിഭാഗക്കാർ ആരോപിച്ചു.
കഴിഞ്ഞമാസംനടന്ന കുംഭാഭിഷേകച്ചടങ്ങിലും ദളിതരെ അകറ്റി. ഇവർ പരാതിയുമായി തഹസിൽദാരുടെ മുന്നിലെത്തി. ഇതേത്തുടർന്നാണ് ജില്ലാഭരണകൂടം സമവായച്ചർച്ചകളാരംഭിച്ചത്. തുടക്കത്തിൽ ഇതരജാതിക്കാർ വിട്ടുവീഴ്ചയ്ക്കൊരുക്കമായിരുന്നില്ല.
മൂന്നുവട്ടം നടത്തിയ ചർച്ചയ്ക്കൊടുവിൽ അവർ ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതിനൽകി. മുദ്രവെച്ച ക്ഷേത്രം അതോടെ തിങ്കളാഴ്ച വീണ്ടുംതുറന്നു. ദളിത് വിഭാഗത്തിൽപ്പെട്ട പ്രദേശവാസികൾ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് ദർശനംനടത്തിയത്.