ചെന്നൈ : ഗർഭിണിയായ വളർത്തുപൂച്ചയ്ക്ക് ബന്ധുക്കളെയും സുഹൃത്തുകളെയും വിളിച്ചുചേർത്ത് വളക്കാപ്പ് ചടങ്ങ് നടത്തി ദിണ്ടിഗലിലുള്ള കുടുംബം.
ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി തമിഴ്‌നാട്ടിൽ നടത്തുന്ന ചടങ്ങാണ് വളക്കാപ്പ്. പ്ലസ്‌വൺ വിദ്യാർഥിനിയായ മകളുടെ അഭ്യർഥനയെത്തുടർന്നാണ് ചിന്നസ്വാമിയും കമലയും പൂച്ചയ്ക്കുവേണ്ടി ചടങ്ങ് സംഘടിപ്പിച്ചത്.
മകൾ ലക്ഷ്മി പ്രിയദർശിനി ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് പൂച്ചയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഒന്നരവയസ്സുള്ള പുസ്സി എന്ന പൂച്ചയ്ക്കുവേണ്ടിയാണ് വീട് അലങ്കരിച്ച്, ബന്ധുക്കളെയും ക്ഷണിച്ച് വളക്കാപ്പ് നടത്തിയത്. പൊട്ടുതൊട്ടും മാലയിട്ടും പൂച്ചയെ ഒരുക്കിയിരുന്നു.
ആളുകളെത്തി പൂച്ചയുടെ കൈയിൽ വളയിട്ടു. ക്ഷണിക്കപ്പെട്ടവർക്ക് വിരുന്നും നൽകി. ചടങ്ങിൽ പങ്കെടുത്തവർ പലരും പാവകൾ അടക്കമുള്ള സമ്മാനങ്ങളും പുസ്സിക്കായി കരുതിയിരുന്നു.
മകൾക്ക് ഏറെ പ്രിയപ്പെട്ട പൂച്ചയായതിനാലാണ് ഇത്തരം ഒരു ചടങ്ങ് നടത്തിയതെന്ന് ചിന്നസ്വാമി പറഞ്ഞു. ചടങ്ങിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.