ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി താംബരം -ബീച്ച് റൂട്ടിൽ സബർബൻ തീവണ്ടികൾ റദ്ദാക്കിയതിനാൽ യാത്രക്കാർ വലഞ്ഞു.
താംബരത്ത് നിന്ന് ബീച്ചിലേക്കുള്ള ബസുകളിൽ യാത്രാത്തിരക്ക് രൂക്ഷമായിരുന്നു.
ദിവസവും നാല് ലക്ഷത്തോളം പേർ യാത്രചെയ്യുന്ന റൂട്ടിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെ തീവണ്ടികൾ റദ്ദാക്കുമെന്ന വാർത്ത ഞായറാഴ്ച രാവിലെ മാത്രമാണ് പലരുംഅറിഞ്ഞത്.
യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരത്തേക്ക് പോകാനായി 24 സർവീസുകൾ ഓടിച്ചിരുന്നെങ്കിലും യാത്രത്തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ സഹായകരമായിരുന്നില്ല.
താംബരത്ത് ചെന്നൈ ബീച്ചിലേക്കും തിരിച്ചുമായി 140 സബർബൻ തീവണ്ടി സർവീസുകളാണ് ദിവസവും റെയിൽവേ ഓടിക്കുന്നത്. 12 കോച്ചുകളുള്ള എല്ലാ സബർബൻ തീവണ്ടികളിലും രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
താംബരം കഴിഞ്ഞ് വണ്ടല്ലൂർ സ്റ്റേഷനും ഊരപ്പാക്കം സ്റ്റേഷനുമിടയിൽ കിളാമ്പാക്കം ബസ് സ്റ്റാൻഡ് കൂടി ആരംഭിച്ചതോടെ ചെന്നൈയിൽനിന്ന് താംബരത്തേക്കുള്ള തീവണ്ടികളിൽ വൻ തിരക്കാണ്.
അറ്റകുറ്റപ്പണികൾക്കായി സബർബൻ തീവണ്ടി റദ്ദാക്കുമ്പോൾ രണ്ടുദിവസം മുൻപേ അറിയിപ്പ് പുറത്തിറക്കാറുണ്ട്.
ഞായറാഴ്ച സർവീസുകൾ റദ്ദാക്കുന്നുണ്ടെങ്കിൽ വെള്ളിയാഴ്ചത്തന്നെ റെയിൽവേ പത്രക്കുറിപ്പ് പുറത്തിറക്കും. ശനിയാഴ്ചത്തന്നെ ഈ റൂട്ടിലോടുന്ന യാത്രക്കാർക്ക് വിവരം ലഭിച്ചിരിക്കും. യാത്രക്കാർ അതിനനുസൃതമായി തന്നെ തയ്യാറെടുപ്പുകൾ നടത്തും.
ഇത്തവണ അറിയിപ്പ് ശനിയാഴ്ച വൈകിയാണ് പുറത്തിറക്കിയത്. ഇതിനാൽ യാത്രക്കാർ ഏറെ വലഞ്ഞു. യാത്രക്കാർക്ക് ആശ്വാസമേകാൻ ചെന്നൈ മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എം.ടി.സി.) കൂടുതൽ ബസുകൾ ഓടിച്ചിരുന്നെങ്കിലും യാത്രക്കാർക്ക് വലിയ പ്രയോജനം ലഭിച്ചില്ല.
പല്ലാവരത്തുനിന്ന് താംബരത്തേക്കും തിരിച്ചുമായി 10 പ്രത്യേക ബസുകൾ സർവീസ് നടത്തിയിരുന്നു.
ടി. നഗർ ബസ് സ്റ്റാൻഡിൽനിന്നും ബ്രോഡ്‌വേ ബസ് സ്റ്റാൻഡിൽനിന്നും 20 വീതം പ്രത്യേക ബസുകൾ ഓടിച്ചിരുന്നു.