ചെന്നൈ : അപ്രഖ്യാപിതമായി സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. അറ്റകുറ്റപ്പണികൾക്കായി തീവണ്ടികൾ റദ്ദാക്കുന്നതിന് പുറമെയാണ് അപ്രഖ്യാപിതമായി തീവണ്ടികൾ റദ്ദാക്കുന്നത്. ചെന്നൈ-ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ ഇരുഭാഗത്തേക്കുമായി 254 തീവണ്ടികളാണ് സർവീസ് നടത്തേണ്ടത്.
സമീപകാലങ്ങളിലായി 164 സർവീസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 3.30- ഓടെ പുറപ്പെടുന്ന സബർബൻ തീവണ്ടികൾ രാത്രി 12 മണിവരെയാണ് സർവീസ് നടത്തുന്നത്.
ചെന്നൈ മൂർമാർക്കറ്റ് -ആവഡി-തിരുവള്ളൂർ- ആർക്കോണം റൂട്ടിൽ 226 സർവീസുകളും ചെന്നൈ- ഗുമ്മുഡിപൂണ്ടി-സൂളൂർപ്പേട്ട റൂട്ടിൽ 136 സർവീസുകളും ചെന്നൈ ബീച്ച് -വേളാച്ചേരി റൂട്ടിൽ 80 സബർബൻ സർവീസുകളുമാണ് ഉള്ളത്. ഈ റൂട്ടുകളിലും സബർബൻ തീവണ്ടികൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായും യാത്രക്കാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
എല്ലാ റൂട്ടുകളിലുമായി 17 ലക്ഷം പേർ ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ നഗരത്തിലെത്തിലെത്താമെന്നാണ് സർവീസിന്റെ മുഖ്യ ഗുണം.
നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് സബർബൻ തീവണ്ടികളെ ആശ്രയിച്ച് ചെന്നൈയിലെ വിവിധ സ്ഥാപനങ്ങളിൽ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യാനെത്തുന്നത്.
അതുകൊണ്ടു തന്നെ നഗരത്തിന്റെ ജീവനാഡികൂടിയാണ് സബർബൻ തീവണ്ടികൾ. അറ്റകുറ്റപ്പണികൾക്ക് സബർബൻ തീവണ്ടികൾ റദ്ദാക്കുമ്പോൾ പലരും സമാന്തര സർവീസുകളായ ബസുകളെയും മെട്രോ തീവണ്ടികളിലെയും ഷെയർ ഒട്ടോകളെയും ആശ്രയിക്കും.