മദ്രാസ് സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വി.സി. ഇല്ലാതെ ബിരുദ ദാനം;

0 0
Read Time:3 Minute, 9 Second

ചെന്നൈ : മദ്രാസ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ ചൊവ്വാഴ്ച 1,06,789 വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സർവകലാശാലയുടെ 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർ ഇല്ലാതെയാണ് ബിരുദദാനച്ചടങ്ങ് നടന്നത്.

ഡിഗ്രി സർട്ടിഫിക്കറ്റിൽ വി.സി. ക്കു പകരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രദീപ് യാദവാണ് ഒപ്പിട്ടത്.

സർക്കാറും ഗവർണറും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലർ പദം ഒഴിഞ്ഞു കിടക്കുകയാണ്. ഇതുകാരണം ബിരുദദാനച്ചടങ്ങ് നീണ്ടുപോയി.

കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോഴാണ് വി.സി. ഇല്ലെങ്കിലും ബിരുദദാനച്ചടങ്ങ് നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വി.സി.ക്കു പകരം ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഒപ്പിട്ടാൽ മതിയെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചു.

വി.സി.യുടെ അസാന്നിധ്യത്തിൽ സർവകലാശാലയുടെ ഭരണം നടത്തുന്ന കോഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി.

ചൊവ്വാഴ്ചനടന്ന ബിരുദദാനച്ചടങ്ങിൽ ഗവർണർ ആർ.എൻ. രവിയും ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊൻമുടിയും പങ്കെടുത്തു. ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്ക്കർ വിശിഷ്ടാതിഥിയായിരുന്നു.

പലവിഷയങ്ങളിലും സർക്കാറും ഗവർണറും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഗവർണർ പങ്കെടുത്ത പല ബിരുദദാനച്ചടങ്ങുകളിൽനിന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി വിട്ടുനിന്നിരുന്നു.

മദ്രാസ് സർവകലാശാലയ്ക്കു പുറമെ മധുര കാമരാജ് സർവകലാശാല, ഭാരതിയാർ സർവകലാശാല, തമിഴ്‌നാട് ടീച്ചേഴ്‌സ് എജുക്കേഷൻ സർവകലാശാല, അണ്ണാ സർവകലാശാല എന്നിവിടങ്ങളിലും നിലവിൽ വൈസ് ചാൻസലർമാരില്ല.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരാണ് ഈ അവസ്ഥയിലേക്കു നയിച്ചത്. സർക്കാർ നിർദേശിക്കുന്നവരെ വൈസ് ചാൻസലറായി നിയമിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ഗവർണർക്കാണെങ്കിലും സർക്കാർ ശുപാർശ അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്ന നിലപാടിലാണ് ഡി.എം.കെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts