തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് .
പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു.
മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികൾ പണവുമായി കടന്നിരുന്നു.
മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവർച്ച ചെയ്യപ്പെട്ടത് .ഇവിടെ നിന്നും 30 ലക്ഷം കവർന്ന മോഷ്ടാക്കൾ പിന്നാലെ കോലഴിയിലെത്തി 25 ലക്ഷം കവർന്നു.
കോലഴിയിലേക്കുള്ള യാത്ര മധ്യേ ഷോർണൂർ റോഡിലെ എടിഎം തകർത്ത് പത്തുലക്ഷത്തോളം കവർന്നു. മോഷ്ടാക്കൾക്കായി ജില്ലാ അതിർത്തികളിലടക്കം കർശന തിരച്ചിൽ തുടരുകയാണ്. വെള്ള കാറിലാണ് കവച്ചാസംഘം എത്തിയത്.