ചെന്നൈ : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച തറക്കല്ലിട്ടു. ഇന്ത്യയിലെ വൻകിട കമ്പനികൾ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളുടേയും ആദ്യ നിക്ഷേപ കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
9000 കോടി രൂപ ചെലവിൽ റാണിപ്പേട്ട് ജില്ലയിലെ പണപ്പാക്കത്താണ് 470 ഏക്കറിൽ പ്ലാന്റ് നിർമിക്കുന്നത്. ജാഗ്വർ, ലാൻഡ് റോവർ (ജെ.എൽ.ആർ) തുടങ്ങിയ ആഡംബരക്കാറുകളാണ് ഇവിടെ നിർമിക്കുക. ജെ.എൽ.ആർ. വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി മാറ്റുകയാണു ലക്ഷ്യം. 5,000 പേർക്ക് നേരിട്ടും 15,000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും.
ഫാക്ടറി സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് മാർച്ചിലാണ് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നത്. ചടങ്ങിൽ മറ്റു മന്ത്രിമാരായ ദുരൈ മുരുകൻ, ടി.ആർ.ബി. രാജ, ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ടാറ്റ സൺസ് ലിമിറ്റഡ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.