ഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്.
അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക.
62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം.
സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് കീഴടങ്ങും. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം.
സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും.
മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ സുപ്രീം കോടതിയിൽ നിന്നും നേരിട്ടേക്കാവുന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി.
നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവിൽ പോയെന്നത് അന്വേഷണസംഘം കോടതിയിൽ ഉന്നയിക്കും.
സിദ്ദിഖിനെതിരെ സുപ്രീംകോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ.