ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി.
ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാനിഗാവ് ലിങ്ക് റോഡില്‍ നിന്ന് കൈല്‍സാ നഗറിലേക്ക് തിരിയിന്നിടത്ത് നില്‍ക്കുകയായിരുന്നു പോലീസ് സംഘം.
അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പോലീസ് തടഞ്ഞു.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറി. ഇത് താൻ എതിര്‍ക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനും യുവതിയെ ആക്രമിച്ചിരുന്നു.
ചെരുപ്പൂരി തല്ലിയ യുവതിയെ പോലീസുകാരൻ ചവിട്ടുകയും തള്ളിയിടുകയും ചെയ്തു.
ഇരുവരും തമ്മിലടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജനത്തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകലായിരുന്നു സംഭവം. ഇക്കൂട്ടത്തില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നാണ് യുവതി പോലീസിനെതിരെ പരാതി നല്‍കിയത്.
ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതി രജിസ്റ്റര്‍ ചെയ്തതായും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.