ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുപകരം പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി തൃശ്ശൂർ സ്വദേശിനസീർ.
കഴിഞ്ഞ ദിവസം ശിവാജിനഗർ ബസ്സ്റ്റാൻഡിന് സമീപം റോഡരികിൽ കിടന്നു പാട്ടുപാടിയാണ് ഇയാൾ പ്രതിഷേധിച്ചത്.
വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ സിനിമാ ഗാനങ്ങളാണ് ആലപിച്ചത്. ഇതോടൊപ്പം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് ഭീമഹർജി നൽകാൻ ഒപ്പുശേഖരണവും നടത്തി.
വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തി പൊതുജനശ്രദ്ധനേടിയ ഗിന്നസ് താരമായ തൃശ്ശൂർ നസീർ ബെംഗളൂരുവിലെ പ്രതിഷേധം കഴിഞ്ഞാൽ ഡൽഹിയിലെത്തി അവിടെയും സമാനരീതിയിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.
റോഡരികിൽ കിടന്നുകൊണ്ട് പാട്ടു പാടുമ്പോൾ കൂടുതൽ ആളുകളുടെ ശ്രദ്ധ കിട്ടുമെന്നും പ്രതിഷേധത്തിന് പിന്തുണയുമായി ഒട്ടേറെ പേരെത്തുന്നുണ്ടെന്നും നസീർ പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം സമാനരീതിയിലുള്ള പ്രതിഷേധം മുൻപ് നടത്തിയിരുന്നു.