ബെംഗളൂരു: വർഷങ്ങളായി പെൺസുഹൃത്തിൻറെ സ്വകാര്യ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ.
തമിഴ്നാട് വെല്ലൂർ സ്വദേശിയായ 26കാരൻ സഞ്ജയ് ആണ് പിടിയിലായത്.
സഞ്ജയും പെൺസുഹൃത്തും ബംഗളൂരുവിൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്.
പത്താം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു.
വൈകാതെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബങ്ങൾ.
ഇതിനിടയിലാണ് യുവതിയെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തത്.
2021ൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത് ശ്രദ്ധയിൽപെടുകയും യുവതി ഇക്കാര്യം പരാതിപ്പെട്ടതോടെ ഉടൻ നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, ഈ വർഷം ജൂണിൽ വീണ്ടും സമാനമായ ചിത്രം സമൂഹമാധ്യമങ്ങളിൽ കണ്ടെത്തുകയായിരുന്നു.
ഇതോടെ യുവതിയും സഞ്ജയും പോലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ സഞ്ജയ് തന്നെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു.
12 പേരുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് സഞ്ജയ് കൂട്ടുകാരിയുടെ ചിത്രം അപ്ലോഡ് ചെയ്തത്.
മറ്റ് അംഗങ്ങളും തങ്ങളുടെ പെൺസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യ ചിത്രങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.