ബെംഗളൂരു : ജ്വല്ലറിയിൽ നിന്ന് ഒന്നേകാൽ കിലോഗ്രാം സ്വർണം തട്ടിയെടുത്ത ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ലാൽസിങ്, രാജ്പാൽ എന്നിവരെയാണ് ഹലസൂരു ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹലസൂരു ഗേറ്റിന് സമീപത്തെ സ്വർണക്കടയിൽ ജോലിചെയ്തിരുന്നപ്പോഴാണ് ലാൽ സിങ് സ്വർണം തട്ടിയെടുത്തത്.
ആന്ധ്രാപ്രദേശ് നല്ലൂരിലെ സ്വർണക്കടയിലേക്ക് കൊണ്ടുപോകാൻ കടയുടമ ലാൽ സിങ്ങിനെ വിശ്വസിച്ച് 1.262 കിലോഗ്രാം സ്വർണം നൽകിയിരുന്നു.
എന്നാൽ സുഹൃത്തുക്കളുമായി പദ്ധതിയിട്ട് ലാൽ സിങ് സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണം മോഷണം പോയെന്നാണ് ലാൽ സിങ് കടയുടമയോട് പറഞ്ഞത്.
ഒക്ടോബർ രണ്ടിന് കടയുടമയും ലാൽസിങ്ങും പോലീസിൽ പരാതി നൽകി.
പോലീസ് ലാൽസിങ്ങിനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതായി മനസ്സിലായി.
ഇതേത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോൾ സ്വർണം സുഹൃത്തുമായി ചേർന്ന് തട്ടിയെടുത്തകാര്യം വെളിപ്പെടുത്തുകയായിരുന്നു.
കേസിൽ രണ്ടുപേരെക്കൂടി കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.