ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍ നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി.
ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നാണ്
20-കാരി നല്കിയ പരാതിയില്‍ പറയുന്നു.
ബെംഗളൂരുവില്‍ നിന്ന് പൂണെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.
പൈലറ്റ് താൻ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പൈലറ്റ് കഴിച്ചുകൊണ്ടിരുന്ന മദ്യം നല്കാൻ ശ്രമിക്കുകയും ചെയ്തു.
ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി.
വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം തന്റെ ലഗേജ് എടുത്തുവെക്കാനായി സഹായം വാഗ്ദാനം ചെയ്തതായും അല്പസമയത്തിന് ശേഷം വിമാനത്തിന്റെ പിൻവശത്തേക്ക് ചെല്ലാനാവശ്യപ്പെട്ട് ഫ്ളൈറ്റ് അറ്റൻഡന്റിനെ അയച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു.
തന്റെ ലഗേജുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പ്രശ്നമായിരിക്കാമെന്ന് ധരിച്ച് താൻ പിറകിലേക്ക് ചെന്നപ്പോള്‍ ആ വ്യക്തി ചിരിക്കാൻ തുടങ്ങുകയും മദ്യമാണെന്ന് പറഞ്ഞുകൊണ്ട് തന്റെ കൈയിലിരുന്ന കുപ്പി നീട്ടുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു.
വാഗ്ദാനം നിരസിച്ചുകൊണ്ട് സീറ്റിലേക്ക് മടങ്ങാൻ ശ്രമിച്ച തന്നോട് നിര്‍ബന്ധപൂര്‍വം സംഭാഷണം തുടരാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.
വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും എല്ലാവരും അവഗണിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.
താൻ ഇതേക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന് വിമാനക്കമ്പനി പ്രതികരണം രേഖപ്പെടുത്തിയെങ്കിലും പിന്നീട് ആരും ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.