ബെംഗളൂരു : കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി.
മൈസൂരു എച്ച്ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്ടേഴ്സ് ലെഔട്ടിലാണ് ദുരഭിമാനക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു.
എച്ച്.ഡി.കോട്ടിലെ ഗണേഷിൻറെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളേജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളേജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇരുവരുടേയും പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഗണേഷ് മകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അടുത്തിടെയാണ് കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടിയതെന്നാണ് വിവരം.
പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയും കുട്ടിയെ വീട്ടിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടു തടങ്കലിൽ ആക്കുകയും ചെയ്തു.
എന്നാൽ പല്ലവി വീണ്ടും യുവാവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒക്ടോബർ 14ന് പെൺകുട്ടിയെ അമ്മായിയുടെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് 17ന് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി.
ശേഷം പോലീസ് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം പല്ലവിയെ കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു.