തൃശ്ശൂർ: ഒല്ലൂർ സെന്ററിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ മർദനം. ഗതാഗതക്കുരുക്കിൽ ബസ് ക്രമം തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
തൊടുപുഴ ഡിപ്പോയിൽ നിന്ന് തൃശ്ശൂരിലേക്ക് സ്പെഷ്യൽ സർവീസ് നടത്തിയ ബസിലെ ഡ്രെെവർ അബ്ദുൾ ഷുക്കൂറിനും കണ്ടക്ടർക്കുമാണ് മർദനമേറ്റത്. അക്രമത്തിൽ പരിക്കേറ്റ ഇരുവരും പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ ലോറി ഡ്രൈലർ മുർഷിദ്, ക്ലീനർ മിന്ന, ബൈക്കിലെത്തിയ തെെക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ ഒല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒല്ലൂർ പ്രദേശത്ത് കാര്യമായ ബ്ലോക്കുണ്ടായിരുന്നു. ഇതിനിടയിൽ വലതുവശം ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് കയറിയതാണ് സംഘർഷത്തിന് കാരണം. എതിർദിശയിൽ നിന്ന് ആദ്യം ബൈക്കിലെത്തിയ വിജിത്ത് ഹെൽമറ്റ് ഉപയോഗിച്ച് ഡ്രെെവറെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെയാണ് ലോറിയിലെത്തിയവർ ഇദ്ദേഹത്തെ ആക്രമിച്ചത്.
ലോറിയിൽ നിന്ന് ആദ്യം ഇറങ്ങിയ ക്ലീനർ മിന്ന ഡ്രെെവറെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഡ്രൈവർക്ക് മുഖത്തും കൈകൾക്കും പരിക്കുകളുണ്ട്. മുഖത്ത് അടിയേറ്റ അബ്ദുൾ ഷുക്കൂർ കരയുന്നതും ദൃശ്യങ്ങളിലുണ്ട്.