ചെന്നൈ: തമിഴ്നാട് ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍.
ബസില്‍ തൂങ്ങിനിന്ന വിദ്യാര്‍ഥികളെ തല്ലിയതിനാണ് രഞ്ജനയെ മാങ്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയാണ് സംഭവം.
കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന തിരക്കേറിയ സ്റ്റേറ്റ് ബസിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് ആ വഴി കാറിൽ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ ബസ് തടഞ്ഞ് വിദ്യാർഥികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ബസ് കണ്ടക്ടറെയും അസഭ്യം പറയുകയും വിദ്യാര്‍ഥികളെ തല്ലുകയും ചെയ്തു.
കുട്ടികള്‍ അപകടകരമായ രീതിയില്‍ ഫുട്ബോര്ഡില് നിന്നും യാത്ര ചെയ്യുന്നതിന്റെയും രഞ്ജന ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബസ് ഡ്രൈവറോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു.
ചില വിദ്യാർഥികൾ ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ, രഞ്ജന അവരെ ബലമായി വലിച്ചിറക്കി തല്ലുകയായിരുന്നു.
കുട്ടികളെ ഉപദ്രവിച്ചതിനും സര്‍ക്കാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രഞ്ജനയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാനായി അര മണിക്കൂറോളം കാത്തുനിന്നതായി പോലീസ് പറഞ്ഞു. ഏറെ നേരം നീണ്ട തർക്കത്തിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.