ബെംഗളൂരു : മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 19-കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി.
കൊലാറിലെ തോട്ലി സ്വദേശി രമ്യയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രമ്യയുടെ അച്ഛൻ വെങ്കടേഷ് ഗൗഡ, ഇയാളുടെ സഹോദരങ്ങളായ മോഹൻ ഗൗഡ, ചൗദെ ഗൗഡ എന്നിവരെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു.
സമീപഗ്രാമത്തിലെ യുവാവുമായുള്ള രമ്യയുടെ ബന്ധം വെങ്കടേഷ് ഗൗഡ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു.
ഇത് വകവെക്കാതെ ഇരുവരും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകൾ ഫോണിൽ യുവാവുമായി സംസാരിച്ചുകൊണ്ടിരുന്നതാണ് വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.
മക്കളെ തല്ലിവീഴ്ത്തിയശേഷം ചവിട്ടിക്കൊല്ലുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
തുടർന്ന് മോഹൻ ഗൗഡയെയും ചൗദെ ഗൗഡയെയും വിളിച്ചുവരുത്തി മൃതദേഹം വീടിനടുത്ത് കുഴിച്ചിട്ടു.
സംശയം തോന്നിയ പോലീസ് വെങ്കടേഷിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇയാൾ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് രമ്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി.