ബെംഗളൂരു: ‘കല്ലേഗെ ടൈഗേഴ്സ്’ എന്ന ടൈഗർ ഡാൻസ് ടീമിന്റെ തലവനായിരുന്ന അക്ഷയ് കല്ലേഗ എന്ന 26 കാരനെ വെട്ടിക്കൊന്നു.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഒരു അപകടത്തെ ചൊല്ലിയുള്ള തർക്കത്തിന് ശേഷം അക്ഷയ്യെ മൂന്ന് അക്രമികൾ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആറ് വർഷമായി കല്ലേഗ ടൈഗേഴ്സ് ടീമിനെ അക്ഷയ് നയിച്ചിരുന്നു. പുത്തൂർ മേഖലയിലെ നൃത്തപ്രകടനങ്ങൾക്ക് പേരുകേട്ട ടീം, മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയട്ടുണ്ട്.
അക്ഷയ് കല്ലേഗയ്ക്ക് മാതാപിതാക്കളും രണ്ട് സഹോദരന്മാരുമാണ് ഉണ്ടായിരുന്നത്.
അക്ഷയിനെ കൊലപ്പെടുത്തിയ മൂന്ന് പ്രതികളിൽ ബന്നൂർ സ്വദേശികളായ മനീഷ് ബന്നൂർ, ചേതു എന്നീ രണ്ടുപേർ സംഭവത്തെ തുടർന്ന് പോലീസിൽ കീഴടങ്ങി.
കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതി ഒളിവിലാണ്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് അക്ഷയ് സഞ്ചരിച്ച വാഹനം പ്രതി ചേതുവിന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവത്തിന് തുടക്കമിട്ടത്.
അപകടവുമായി ബന്ധപ്പെട്ട് 2,000 രൂപ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാത്രി നെഹ്റു നഗറിലേക്ക് വരാൻ അക്ഷയ്യോട് ആവശ്യപ്പെട്ട പ്രതികൾ അക്ഷയ് എത്തിയപ്പോൾ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു.
നെഹ്റു നഗറിലും വിവേകാനന്ദ കോളേജ് റോഡിലും പ്രതികൾ അക്ഷയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.