ബെംഗളുരു: ഹണിട്രാപ്പിന് ഇരയായ റിട്ട. സൈനികൻ കുടകിൽ തടാകത്തിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ.
മടിക്കേരി ഉക്കുടയിലെ സന്ദേശ് എന്നയാളാണ് മരിച്ചത്.
രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഹണിട്രാപ്പിന്റെ വിവരം ലഭിച്ചത്.
മടിക്കേരിക്ക് സമീപത്തെ തടാകത്തിൽ നിന്നാണ് സന്ദേശിന്റെ മൃതദേഹം ലഭിച്ചത്.
ജീവിത എന്ന സ്ത്രീയും പോലീസ് ഉദ്യോഗസ്ഥനായ സതീഷും ചേർന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
വിവാഹിതനാണ് മരിച്ച സന്ദേശ്. ജീവിത എന്ന സ്ത്രീ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും ഇവരൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു.
തുടർന്ന് മറ്റൊരാളുടെ കൂടി സഹായത്തോടെ സന്ദേശിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ, സന്ദേശ് പണം നൽകാൻ തയാറായില്ല. കുറ്റബോധം തോന്നിയ ഇയാൾ സംഭവിച്ച കാര്യമെല്ലാം തന്റെ ഭാര്യയോട് തുറന്നുപറഞ്ഞു.
ശേഷം ആത്മഹത്യാക്കുറിപ്പെഴുതി തടാകത്തിൽ ചാടുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തടാകത്തിനരികെ നിന്ന് ഇയാളുടെ വസ്തുക്കൾ ലഭിച്ചതോടെ നടത്തിയ തിരച്ചിലിലാണ് ഒരു ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.