ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ഭാഗമായ കൽക്കരെ വനമേഖലയിൽ വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു.
കോലാർജില്ലയിലെ മാലൂർ സ്വദേശിയായ തിമ്മരായപ്പയാണ് (40) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
ചന്ദനമരം മോഷ്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കുനേരെ വെടിയുതിർക്കേണ്ടിവന്നതെന്ന് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കൽക്കരെയിൽ പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ട് കാടിനുള്ളിലേക്ക് കയറുകയായിരുന്നു.
ജീവനക്കാരെ കണ്ടതോടെ തിമ്മരായപ്പയും ഒപ്പമുണ്ടായിരുന്നയാളും വടിവാളുമായി ഇവർക്കെതിരെ തിരിഞ്ഞു.
ആയുധമുപേക്ഷിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ ആക്രമിക്കുകയായിരുന്നെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.
ഇതോടെയാണ് വെടിവെച്ചത്. വയറിൽ വെടിയേറ്റ തിമ്മരായപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇതിനിടയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ഒന്നരമാസമായി പ്രദേശത്ത് ചന്ദനമരങ്ങൾ നിരന്തരം മോഷ്ടിക്കപ്പെട്ടിരുന്നു.
തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു റൂറൽ എസ്.പി. മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു.