ബെംഗളുരു: സംസ്ഥാനത്ത് ജെ.ഡി.എസിന് വീണ്ടും തിരിച്ചടി.
പാർട്ടിയുടെ രണ്ട് മുൻ എം.എൽ.എമാരും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.
മുൻ എം.എൽ.എമാരായ ആർ. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കർ എന്നിവരാണ് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ബുധനാഴ്ച കോൺഗ്രസിൽ ചേർന്നത്.
ജെ.ഡി.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.
ക്യൂൻസ് റോഡിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ജെ.ഡി.എസ് വിട്ടുപോകാതിരിക്കാൻ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി എം.എൽ.എമാരെ ഒരുമിച്ച് ഹാസനിലെത്തിച്ച് വിശ്വാസം ഉറപ്പിച്ചിരുന്നു.
ഇതിനിടെയാണ് മുൻ എം.എൽ.എമാർ പാർട്ടി വിട്ടത്.