ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്.
‘ബെസ്കോം’ വിജിലൻസ് വിഭാഗം വൈദ്യുതി മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
വൈദ്യുതി മോഷണമെന്നാരോപിച്ച് കോൺഗ്രസ് കുമാരസ്വാമിക്കെതിരേ രംഗത്തുവന്നതോടെയാണ് നടപടി.
കുമാരസ്വാമിയുടെ ജെ.പി. നഗറിലെ വീട് വൈദ്യുത ദീപങ്ങൾക്കൊണ്ട് അലങ്കരിച്ചതിന്റെ വീഡിയോ ദൃശ്യമുൾപ്പെടെ എക്സിൽ പോസ്റ്റുചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ ആരോപണം.
വൈദ്യുതലൈനിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി വലിച്ചാണ് വീട് അലങ്കരിച്ചതെന്നും മുൻമുഖ്യമന്ത്രിക്ക് വൈദ്യുതി മോഷ്ടിക്കാൻ മാത്രം ദാരിദ്ര്യം വന്നതിൽ കഷ്ടമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.
കുമാരസ്വാമിക്ക് ഇത്രയും ദാരിദ്ര്യമുണ്ടായിരുന്നെങ്കിൽ ‘ഗൃഹജ്യോതി’ പദ്ധതിക്ക് അപേക്ഷിക്കണമായിരുന്നുവെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
എന്നാൽ, തന്റെ കുഴപ്പമല്ലെന്നും വീട് അലങ്കരിച്ച സ്വകാര്യകമ്പനി സമീപത്തെ വൈദ്യുത ലൈനിൽനിന്ന് നേരിട്ടെടുത്തതാണെന്നും ഇതേക്കുറിച്ച് അറിഞ്ഞ ഉടനെ ബന്ധം വിച്ഛേദിച്ച് വീട്ടിലെ മീറ്റർബോർഡിൽനിന്ന് വൈദ്യുതിയെടുത്തെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഇങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും ബെസ്കോം ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് നോട്ടീസ് തന്നാൽ പിഴയടയ്ക്കാൻ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.