ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചിക്കമഗളൂരു ജില്ലയിലെ സുന്നദഹള്ളി സ്വദേശി പ്രദീപാണ്(30) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം.
പ്രദീപിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾ പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളെ രസിപ്പിക്കാനായി പടക്കക്കൂട്ടം കത്തിച്ചശേഷം ഇതിനുമുകളിൽ പ്ലാസ്റ്റിക് കസേരയിട്ട് പ്രദീപ് ഇരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പടക്കം പൊട്ടിയതോടെ പ്രദീപിന് ഗുരുതരമായി പൊള്ളലേൽക്കുകയും തെറിച്ചുവീഴുകയും ചെയ്തു.
സമീപവാസികളാണ് പ്രദീപിനേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മരണം.
അതേസമയം, സംസ്ഥാനത്ത് പടക്കം പൊട്ടിച്ചുണ്ടാകുന്ന അപകടങ്ങൾ ചികിത്സിക്കാൻ ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
മുൻവർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് പടക്കംപൊട്ടി പരിക്കേറ്റ സാഹചര്യത്തിലാണിത്. ഇത്തവണ ബെംഗളൂരുവിൽമാത്രം 60- ഓളം പേർ ചികിത്സതേടിയതായാണ് കണക്ക്.