രാജസ്ഥാൻ; മണിപ്പൂരിന് സമാനമായ ദാരുണ സംഭവം രാജസ്ഥാനിലും. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവ് നഗ്നയാക്കി പരേഡ് നടത്തി, സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരയായ യുവതി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. അതേസമയം ഭർത്താവിൽ നിന്നും മാറി യുവതി മറ്റൊരു ഗ്രാമത്തിൽ മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങിയെന്നാണ് ആരോപണം.
ഇതോടെ യുവതിയുടെ ഭർത്താവും കുടുംബവും യുവതിയെ ബലമായി സംഭവം നടന്ന അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവതിയെ ഭർത്താവ് നഗ്നയാക്കി പരേഡ് നടത്തിയതെന്ന് ധരിയവാഡ് എസ്എച്ച്ഒ പെഷവാർ ഖാൻ പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിർദേശപ്രകാരം ഡിജിപി മിശ്ര എഡിജി (ക്രൈം) ദിനേശ് എംഎന്നിനെ വെള്ളിയാഴ്ച രാത്രി പ്രതാപ്ഗഡിലേക്ക് അയച്ചു.
സംസ്ഥാന സർക്കാർ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എഡിജി ദിനേശിനെ പ്രതാപ്ഗഡിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിജിപി മിശ്ര ജയ്പൂരിൽ പറഞ്ഞു.
പ്രതികളെ പിടികൂടാൻ ആറ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതാപ്ഗഡ് പോലീസ് സൂപ്രണ്ട് അമിത് കുമാർ ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു