ബെംഗളൂരു : അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി.
ശിവമോഗയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം.
രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്.
നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയുംപേരിൽ നടപടിയെടുക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം.
മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു.
ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.
മുട്ട കഴിക്കാനിടയായ സംഭവത്തെക്കുറിച്ച് പറയാൻ മകൾക്ക് ഭയമായിരുന്നു.
വിവരമറിഞ്ഞതിനെത്തുടർന്ന് ക്ലാസിലെ മറ്റുകുട്ടികളോട് കാര്യം തിരക്കിയപ്പോൾ എല്ലാവരെയും മുട്ട കഴിപ്പിച്ചതായി അറിഞ്ഞെന്നും ശ്രീകാന്ത് പറഞ്ഞു.