ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം.
കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.
പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.
ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ പറഞ്ഞ വാക്കുകൾ. ‘നെമോ മോരിറ്റുറസ് പ്രെസ്യുമിറ്റർ മെന്റയർ’ എന്ന നിയമതത്വം വഴി, അത് യുവതിയുടെ മരണമൊഴിയായി കണക്കാക്കിയാണ് പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്.
2017 ജനുവരി 13 ന് ബെംഗളൂരുവിലായിരുന്നു കേസിനാസ്പദമായ സംഭവം.
പഞ്ചായത്ത് വികസന വകുപ്പ് ഓഫീസറായ ശ്രുതി ഗൗഡ(33)യും കാമുകൻ അമിത് കേശവമൂർത്തി(35)യും ആചാര്യ എൻജിനീയറിങ് കോളേജിനു സമീപം കാറിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ മാതാവായ ശ്രുതിക്ക് ആരുമായോ അടുപ്പമുണ്ടെന്ന് സംശയിച്ച ഭർത്താവ് രാജേഷ് ഗൗഡ അവരുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു.
ശ്രുതിയെ പലതവണ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനാൽ ജിപിഎസ് ട്രാക്കർ വഴി ശ്രുതിയുടെ കാർ ട്രാക്ക് ചെയ്ത് കോളേജിനു മുന്നിലെത്തിയ രാജേഷ് അവരെ ഒരുമിച്ചു കണ്ടു.
തുടർന്ന് ശ്രുതിയും രാജേഷും തമ്മിൽ വാക്കു തർക്കമുണ്ടായി. വഴക്കിനിടയിൽ കയറിയ അമിതിനെ രാജേഷ് വെടിവച്ചു കൊലപ്പെടുത്തി. രണ്ടു മണിക്കൂറിനു ശേഷം ശ്രുതി ആത്മഹത്യ ചെയ്തു.