ബെംഗളൂരു: സ്കൂളില്‍ പോകാതിരിക്കാന്‍ വേറിട്ട മാർഗം സ്വീകരിച്ച വിദ്യാർത്ഥി പോലീസ് പിടിയിൽ.
സ്കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന് കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു.
ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന് പിടിയിലായത്.
കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം.
സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന് എലി വിഷം കലര്‍ത്തിയത്.
സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല.
ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍ അവിടെ നിന്ന് വെള്ളം കുടിച്ചതോടെയാണ് അവശനിലയിലായത്.
സംഭവദിവസം ഒന്‍പതാം ക്ലാസുകാരന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്ത് കറങ്ങി നടന്നിരുന്നതായി ചില ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്പില് ഹാജരാക്കിയ കുട്ടിയെ കൗണ്‍സിലിങ്ങിന് അയച്ചു.
കുറച്ചുദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടില്‍ നിന്ന് സ്കൂളില്‍ തിരിച്ചെത്തിയത്.
അപ്രതീക്ഷിത സംഭവങ്ങള്‍ വല്ലതും ഉണ്ടായാല്‍ സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് കരുതിയാണ് കുട്ടി കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.
അവധി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതിയാണ് കുട്ടി കുടിവെള്ള കാനില്‍ എലിവിഷം കലര്‍ത്തിയതെന്ന് എസ്പി കെ എം ശാന്തരാജു പറഞ്ഞു.
സ്കൂളില്‍ നിന്ന് പഠിക്കുന്നത് കുട്ടിക്ക് ഇഷ്ടമായിരുന്നില്ല. വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് കുട്ടി ഇഷ്ടപ്പെട്ടിരുന്നത്.
വീട്ടില്‍ നിന്ന് ദിവസേന സ്കൂളില്‍ പോകാനാണ് കുട്ടി ആഗ്രഹിച്ചിരുന്നത്.
അതിനാല്‍ വീട്ടില്‍ നില്ക്കാന് വേണ്ടിയാണ് കുട്ടി കടുംകൈ ചെയ്തതെന്നും ശാന്തരാജു പറയുന്നു.