തെന്നിന്ത്യൻ താരം അല്ലു അര്‍ജ്ജുന്റെ കരിയറിനെതന്നെ മാറ്റി മറിച്ച സിനിമയാണ് പുഷ്പ.
ചിത്രത്തിലൂടെ താരത്തിന് പാൻ- ഇന്ത്യൻ സറ്റാറാവാനും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പുഷ്പ 2-ന്റെ ചിത്രീകരണങ്ങള്‍ തുടങ്ങിയത്.
ചിത്രീകരണത്തിന്റെ പല വീഡിയോകളും ആരാധകര്‍ക്കായി അല്ലു അര്ജ്ജുൻ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.
പുഷ്പ 2-ന്റെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ള അല്ലുവിന്റെ ജാതര മേക്ക് ഓവറിലാണ് ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റിയില്‍ ഷൂട്ടിംഗ് നടന്നിരുന്നത്.
ആ വേഷത്തില്‍ അല്ലുവിന് ഒരു ഗാന രംഗവും സംഘട്ടന രംഗങ്ങളുമാണുണ്ടായിരുന്നത്.
എന്നാല്‍ ഭാരമേറിയ വേഷം ധരിച്ച് തുടര്‍ച്ചയായി അഭിനയിച്ചതിനാല്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ശരീര വേദനയെ തുടര്‍ന്ന് അല്ലുവിന് ചിത്രത്തില്‍ നിന്നും കുറച്ച് നാളത്തേക്ക് വിട്ടു നില്‍ക്കേണ്ടി വന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
താരത്തിന്റെ ശരീര വേദന മാറുന്നത് വരെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
എന്നാല്‍ ശരീര വേദന അവഗണിച്ചും അല്ലു അര്ജ്ജുൻ അഭിനയിക്കാൻ സന്നദ്ധത കാണിച്ചെന്നും സംവിധായകൻ സുകുമാര്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.
താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.