ബെംഗളൂരു: നടൻ രജനികാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനോട് ഹാജരാകാൻ നിർദേശിച്ച് ബെംഗളൂരു കോടതി.
2024 ജനുവരി ആറിനോ അതിനുമുമ്പോ ബംഗളൂരു കോടതിയിൽ ഹാജരാകണം.
ഇതുമായി ബന്ധപ്പെട്ട് അവരുടെ അഭിഭാഷകന് നിർദ്ദേശം നൽകിയട്ടുണ്ട്.
രജനികാന്ത് നായകനായ ‘കൊച്ചടൈയാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനി ഫയൽ ചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം.
ആരോപണവിധേയമായ കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്ത സ്വഭാവമുള്ളതിനാൽ, കേസിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നതിന് ലതാ രജനീകാന്ത് കോടതി മുമ്പാകെ ഹാജരാകണമെന്ന് ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്, ബെംഗളൂരു കോടതി ചൂണ്ടിക്കാട്ടി.
ചെന്നൈയിലെ ആഡ് ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതി നൽകിയത് .
പബ്ലിഷേഴ്സ് ആൻഡ് ബ്രോഡ്കാസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ നിലവിലില്ലെന്ന് നന്നായി അറിയാമായിരുന്ന പ്രതികൾ തെറ്റായ മൊഴിയും സത്യവാങ്മൂലവും സിവിൽ കോടതിയിൽ സമർപ്പിച്ച് 2014 ഡിസംബർ 2ലെ ഇൻജംഗ്ഷൻ ഉത്തരവ് നേടിയെന്നും പരാതിക്കാരൻ ആരോപിച്ചു.
ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസർ.
ഇവർ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതാ രജനീകാന്തായിരുന്നു ജാമ്യം.
തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.
കേസിലെ വഞ്ചനാക്കുറ്റം കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പിന്നീട് കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിക്കുകയായിരുന്നു.