ബെംഗളൂരു: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ ടിക്കറ്റ് നൽകുന്ന പദ്ധതിയിൽ യാത്രക്കാർക്ക് സൗജന്യങ്ങളുമൊരുക്കാൻ പദ്ധതി.
രാജ്യത്തെ പ്രമുഖ ആർടിസികളിൽ ഉപയോഗിക്കുന്ന ചലോ ആപ് വഴി പുതിയ ട്രാവൽ കാർഡുകൾ അവതരിപ്പിക്കും.
ഇതുപയോഗിച്ച് പതിവായി യാത്ര ചെയ്യുന്നവർക്ക് സൗജന്യയാത്രകൾ അനുവദിക്കും.
മാസം ഒരേ റൂട്ടിൽ 20 യാത്ര ചെയ്യുന്നവർക്ക് 2 ദിവസം സൗജന്യയാത്ര, ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം, പതിവായി ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഓഫറുകൾ എന്നിവയാണ് ആലോചിക്കുന്നത്.
അടുത്തമാസം തിരുവനന്തപുരം ജില്ലയിൽ തുടക്കമിടാനും ഫെബ്രുവരി മുതൽ സംസ്ഥാനമാകെ നടപ്പാക്കാനുമാണ് തീരുമാനം.
യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്ന സെർവർ സംവിധാനവും ചലോ ആപ്പിനൊപ്പം കെഎസ്ആർടിസിക്ക് ലഭിക്കും.
ഏതു ബസിലാണ് തിരക്ക് കൂടുതലെന്നും തിരക്കില്ലാത്ത റൂട്ടുകളേതെന്നും മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ലഭ്യമാകും.
ഡിജിറ്റൽ ടിക്കറ്റിങ് വഴി പണം കൈമാറിയാലുടൻ ടിക്കറ്റ് മൊബൈൽ ഫോണിലേക്ക് വരും.
നിലവിൽ ടിക്കറ്റ് നൽകുന്ന പേപ്പർ റോൾ വാങ്ങുന്നതിന് വർഷം മൂന്നു കോടി വരുന്ന ചെലവ് ഒഴിവാക്കാനുമാകും.