ബെംഗളൂരു: സംസ്ഥാനത്ത് രാജ്യസഭാ സീറ്റുകളിലൊന്നിൽ സോണിയാഗാന്ധിയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കോൺഗ്രസിൽ ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്ന് കോൺഗ്രസിന് കൂടുതൽ സീറ്റുലഭിക്കാൻ ഇത് ഇടയാക്കുമെന്ന് നേതാക്കൾ കരുതുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിനേരിട്ട കോൺഗ്രസ്, ലോക്സഭാതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിനുപിന്നാലെ അയൽസംസ്ഥാനമായ തെലങ്കാനയിലും കോൺഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കർണാടകം വഴി രാജ്യസഭയിലെത്താൻ സന്നദ്ധമായേക്കുമെന്ന് നേതാക്കൾ കരുതുന്നു. ലോക്സഭാതിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ റായ്ബറേലിയിൽ സോണിയ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് വിവരം.
വരുന്ന ഏപ്രിൽ രണ്ടിനാണ് കർണാടകത്തിൽനിന്നുള്ള മൂന്ന് കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നത്. ഡോ. എൽ. ഹനുമന്തയ്യ, സയ്യിദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരുടെ കാലാവധിയാണ് തീരുന്നത്. ഈ സീറ്റുകളിലൊന്നിൽ മത്സരിക്കാൻ സോണിയ തയ്യാറായാൽ പാർട്ടിയിൽ എതിർപ്പുണ്ടാകില്ല.