ബംഗളൂരു : നഗരത്തിൽ വീണ്ടും ഭാര്യ കൈമാറ്റം ചെയ്തതായി ആരോപണം. സംഭവത്തിൽ ഒരു സ്ത്രീ ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു..
സ്ത്രീധന പീഡനം നടത്തിയെന്നാരോപിച്ച് ഭർത്താവും കുടുംബവും ഉൾപ്പെടെ 10 പേർക്കെതിരെ ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ ഭാര്യയെ കൈമാറ്റം ചെയ്യാൻ നിർബന്ധിച്ചതിനു പുറമെ ലൈംഗികാതിക്രമം, സ്ത്രീധന നിരോധന നിയമം തുടങ്ങി വിവിധ ഐപിസി വകുപ്പുകൾ പ്രകാരം യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
വിവാഹത്തിനായി 10 ലക്ഷം രൂപ കടം വാങ്ങിയ ഭർത്താവ് അത് വീട്ടാൻ പണം കൊണ്ടുവരാൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
അങ്ങനെ രണ്ടുലക്ഷം നൽകിയിട്ടും തൃപ്തനാകാതെ യുവതിയെ ശല്യം ചെയ്യൽ തുടർന്നു. ഈ സമയം ഭർത്താവിന്റെ അനുമതിയോടെ ഒരു ബന്ധു മോശമായ രീതിയിൽ യുവതിയെ സ്പർശിച്ചുവെന്നും വീഡിയോ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഭർത്താവ് നിർബന്ധിച്ചെന്നും ഇര പരാതിയിൽ പറയുന്നു.
കൂടാതെ ഭർത്താവിന്റെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സംസ്കാരം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഭർത്താവിന്റെ സുഹൃത്തുക്കളോടൊപ്പം ഉറങ്ങാൻ പറഞ്ഞുവെന്നും യുവതി പരാതിയിൽ പറഞ്ഞു.
ഇതിന് സമ്മതിക്കാതെ വന്നപ്പോൾ ബെൽറ്റ് കൊണ്ട് അടിച്ചുവെന്നും നവംബർ 31ന് രാത്രി മദ്യപിച്ച ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുക മാത്രമല്ല ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തെന്നും ഭർത്താവിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബെംഗളൂരുവിൽ ഇത്തരം ചില കേസുകൾ രജിസ്റ്റർ ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
സമ്പന്നരുടെ ഹൈ-ഫൈ സൊസൈറ്റികളിലാണ് ഇവ കൂടുതലും നടക്കുന്നതെന്നും പല കേസുകളും വെളിച്ചത്തു വരാതെ മൂടിവെക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ലൈംഗികസുഖത്തിന് വേണ്ടി മാത്രമാണ് ഇത്തരം പ്രവൃത്തികൾ കൂടുതലും ചെയ്യുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം.